Monday, 27 April 2009

ഓര്‍മ്മക്കുറിപ്പുകളുടെ വിസ്മയവുമായി മുതുകാട്


കോഴിക്കോട്: മാന്ത്രികന്‍ ഗോപിനാഥ് മുതുകാടിന്റെ ഓര്‍മ കുറിപ്പുകള്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചു. ഓര്‍മകളുടെ മാന്ത്രിക സ്പര്‍ശം എന്ന പേരിലുള്ള പുസ്തകം പുറത്തിറക്കിയത് കോഴിക്കോട് ഒലിവ് ബുക്സ് ആണ്. വൈദ്യുതി മന്ത്രി എ.കെ. ബാലന്‍ പുസ്തകത്തിന്റെ ആദ്യ പ്രതി എഴുത്തുകാരന്‍ ശ്രീ. പുനത്തില്‍ കുഞ്ഞബ്ദുള്ളയ്ക്ക് നല്കി. തദവസരത്തില്‍ മന്ത്രി കാട്ടിയ മായാജാലം ഏവരേയും അത്ഭുതപ്പെടുത്തി. ഊര്‍ജം സംരക്ഷിക്കൂ കേരളത്തെ രക്ഷിക്കൂ എന്ന സന്ദേശം നല്‍കുന്നതായിരുന്നു മന്ത്രിയുടെ മാജിക്. സാധാരണ ബള്‍ബിനെക്കാള്‍ വൈദ്യുതി ലാഭിക്കുന്ന സി. എഫ്. എല്‍ ബള്‍ബുകള്‍ ശൂന്യതയില്‍ നിന്നു സൃഷ്‌ടിച്ച മന്ത്രിയുടെ മായാജാലം കാഴ്ചക്കാരെ അത്ഭുതപ്പെടുത്തി. ശൂന്യമായ കൂട്ടില്‍ നിന്നും ഒരു വലിയ ട്യൂബ് ലൈറ്റ് പ്രത്യക്ഷമാക്കിയപ്പോള്‍ ടാഗോര്‍ ഹാളിലെ നിറഞ്ഞ സദസ്സില്‍ വിസ്മയം അലതല്ലി. ഓരോ ഇനം കണ്ടുകഴിയുംപോഴും തന്നെ കൈയടിച്ചു പ്രോത്സാഹിപ്പിച്ച സദസ്സിനോട് താന്‍ നല്കുന്ന സന്ദേശം കൂടി ഓര്‍ക്കുവാന്‍ ശ്രീ. ബാലന്‍ അഭ്യര്‍ത്ഥിച്ചു. മാജിക്കിന്റെ മണമുള്ള മണ്ണില്‍ നിന്നും അനന്തപുരിയുടെ ചരിത്രം തുടിക്കുന്ന വഴിതാരകളിലേക്ക് ചുവടുവച്ച വിസ്മയാനുഭവങ്ങളെല്ലാം കോര്തതാണ് ശ്രീ മുതുകാടിന്റെ ഓര്‍മ്മക്കുറിപ്പുകള്‍‍. വളച്ചുകെട്ടില്ലാത്ത, നേരിന്റെ നന്മയുള്ള ഭാഷയാണ് ഈ പുസ്തകത്തിന്‍റെ ഭംഗി.


പ്രസ്തുത ഗ്രന്ഥത്തെ കുറിച്ചു മലയാളത്തിന്റെ പ്രിയകവി ഓ. എന്‍. വി. കുറുപ്പ് പറഞ്ഞതിങ്ങനെ: ഒരു മാന്ത്രികന്‍ ആകസ്മികമായിട്ടാണ് തന്റെ ഓര്‍മ്മക്കുറിപ്പുകള്‍‍ എഴുതാന്‍ തുടങ്ങിയതെങ്കിലും അതൊരു കഥപോലെ, തികച്ചും ഒരു കല്പിതകഥ സര്‍ഗാത്മകമായി രേഖപ്പെടുതിയതുപോലെ ആയിത്തീര്‍ന്നിരിക്കുന്നു. ഏതൊരെഴുതുകാരനും സര്‍ഗാത്മകവൈഭവം കാണിക്കണം എന്നുന്ടെന്കില്‍ അതിനുപിന്നില്‍ മനോഹരമായൊരു ഭുപ്രക്രിതിയുണ്ടാവണം എന്ന് പറയാറുണ്ട്. നിലമ്പുര്‍ പോലെ വശ്യമായ ഭുപ്രകൃതിയില്‍ നിന്നു വന്ന ഗോപിനാഥ്, പ്രകൃതിയുടെ സ്വാധീനം മനസ്സിലിട്ടു കൊണ്ടു ഗ്രിഹാതുരത്വം പകരാന്‍ കഴിയുന്ന ഒരെഴുത്തുകാരന്‍ കൂടിയാണെന്ന് തെളിയിച്ചിരിക്കുകയാണ്.

ഒലിവ് പ്രസിദ്ധീകരിച്ച ഓര്‍മകളുടെ മാന്ത്രികസ്പര്‍ശം പ്രമുഖ പുസ്തക കടകളില്‍ ലഭിക്കും. വില രൂ.125.

No comments: